ഷാജി കൈലാസിന് ഒരു ഫ്ലോപ്പ് കൂടി… ഉടന്‍ വരും അതേ ടീം



സിനിമയില്‍ കൈവച്ച കാലത്ത് രണ്ട് മൂന്ന് കോമഡി ചിത്രങ്ങള്‍ ചെയ്തിരുന്നു ഷാജി കൈലാസ്. എന്നാല്‍ പിന്നീട് തലസ്ഥാനം എന്ന ചിത്രത്തിലൂടെ കളം മാറ്റിച്ചവിട്ടിയത് ഷാജിക്ക് വിജയമായി. രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിന്നെയിങ്ങോട്ട് പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇവയില്‍ മിക്കതും വന്‍ വിജയങ്ങളായി. സിനിമയില്‍ സഹനടനായി മാത്രം ഒതുങ്ങിയിരുന്ന സുരേഷ് ഗോപിയും ഇവയിലൂടെ സൂപ്പര്‍താരപദവിയിലെത്തി. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഷാജി കൈലാസ് പടച്ച് വിടുന്ന ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുകയാണ്. ചിന്താമണി കൊലക്കേസിന് ശേഷം മികച്ച വിജയം നേടിയ ഒരു ചിത്രം പോലും ക്രെഡിറ്റിലില്ല. മോഹന്‍ലാലിനെയും, മമ്മൂട്ടിയെയും വീണ്ടും പരീക്ഷിച്ചെങ്കിലും അവര്‍ക്ക് ചീത്തപ്പേരുണ്ടായത് മിച്ചം. ഒടുവില്‍ നാടുവാഴികള്‍ സെക്കന്‍ഡ് പാര്‍ട്ട് എന്ന് പറഞ്ഞ് തുടങ്ങിയ പ്രിഥ്വിരാജ് ചിത്രം സിംഹാസനം 2012 ലെ ഏറ്റവും വലിയ ഫ്ലോപ്പുകളിലൊന്നായി. അപ്പോഴാണ് തമാശയിലേക്ക് മടങ്ങാനുള്ള വിളി ഷാജി കൈലാസിന് ലഭിക്കുന്നത്. പത്തിരുപത് കൊല്ലം മുമ്പ് ചെയ്ത കിലുക്കാംപെട്ടി എന്ന ചിത്രത്തില്‍ നായകനായിരുന്ന ജയറാമിന് അങ്ങനെ ഒരു ഫ്ലോപ്പിന് കൂടി അവസരം ലഭിച്ചു. ഏറെ കൊട്ടിഘോഷങ്ങളോടെ മലയാളികളെ ചിരിപ്പിച്ച് വശം കെടുത്തിക്കളയും എന്ന് ഭിഷണി മുഴക്കി വന്ന ചിത്രം റിലീസ് ചെയ്ത് ആദ്യം ആഴ്ച തന്നെ പെട്ടിപൂട്ടി തുടങ്ങി. ഡോ. പശുപതിക്ക് ശേഷം വീണ്ടും ഷാജി കൈലാസിന്‍റെ കോമഡി ചിത്രം എന്ന് പബ്ലിസിറ്റി നല്കി പുറത്തിറക്കിയ ചിത്രം വന്‍ പരാജയമാണ്. ഇരുപത് കൊല്ലം മുമ്പിറങ്ങിയ പശുപതിയും അന്ന് വന്‍വിജയമൊന്നും ആയിരുന്നില്ല. സാറ്റലൈറ്റ് ചാനലുകള്‍ സജീവമായപ്പോള്‍ ഏറെ പ്രദര്‍ശിപ്പിക്കപ്പെടുകയും, കാണപ്പെടുകയും ചെയ്ത ഒരു ചിത്രമാണ് ഡോ. പശുപതി. എന്തായാലും ജയറാമിന്റെ പരാജയപട്ടികയില്‍ ഒരു ചിത്രം കൂടിയായി. പക്ഷേ മദിരാശി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഷാജി കൈലാസ് ജിഞ്ചര്‍ എന്ന ചിത്രം തുടങ്ങിയിരുന്നു. ഇതിലും നായകന്‍ ജയറാമാണ്. മുമ്പ് ഏറെ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ഷാജികൈലാസിന് വേണ്ടി തിരക്കഥയെഴുതിയ രാജേഷ് ജയരാമന്‍ തന്നെയാണ് മദിരാശിയും, ജിഞ്ചറും എഴുതിയത്. പരാജയങ്ങള്‍ പാഠമല്ല എന്ന് മമ്മൂട്ടി വഴി കാണിച്ച് തരുന്ന മലയാള സിനിമയില്‍ ഈ സംവിധായകനും അത് തെളിയിക്കുകയാണ്.

Comments

comments