ഒടുവില്‍ സുരേഷ് ഗോപി കോടിപതിയായി…പക്ഷേ..


Suresh Gopi - Keralacinema.com
പരാജയങ്ങളുടെ എണ്ണം വിരലിലെണ്ണിയാലും ഒടുങ്ങാത്ത അവസ്ഥയിലായപ്പോഴാണ് സുരേഷ് ഗോപി അഭിനയത്തിന് ഇടവേള നല്കിയത്. അവസാനമഭിനയിച്ച കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ ഒരു ദുരന്തം തന്നെയായിരുന്നു. പിന്നെ സുരേഷ് ഗോപിയെ കാണുന്നത് ഏഷ്യാനെറ്റിലാണ്. കോടീശ്വരന്‍ എന്ന പരിപാടിയുടെ അവതാരകനായി മാറിയ സുരേഷ് ഗോപി ഏറെ പ്രശംസകള്‍ നേടുകയും ചെയ്തു. ഈ സമയത്താകെ അഭിനയിച്ച ചിത്രം തമിഴ് സംവിധായകന്‍ ഷങ്കറിന്‍റെ ഐ യാണ്. അടുത്തിടെ മിസ്റ്റര്‍ ഫ്രോഡ് എന്ന ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിലഭിനയിക്കുമെന്ന് കേട്ടിരുന്നെങ്കിലും ഒരു കോടി പ്രതിഫലം ചോദിച്ച് സംവിധായകനെ ഞെട്ടിച്ചെന്നാണ് വാര്‍ത്തകള്‍. തുടര്‍ന്ന് ആ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നില്ല എന്ന് സംവിധായകന്‍ പറയുകയും ചെയ്തു. കോടീശ്വരന്‍ പരിപാടിയുടെ ലഹരി തലക്ക് പിടിച്ചാവണം സുരേഷ് ഗോപി ഇത്തരം ഒരു ഡിമാന്‍ഡ് വെച്ചത്. ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന കാശ്മീര്‍ എന്ന ചിത്രത്തിലൂടെ കോടീശ്വരനായി സുരേഷ് ഗോപി മാറിയിരിക്കുന്നു. ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്ക് പ്രതിഫലം ഒരു കോടിയാണത്രേ. സാമൂഹ്യസേവന തല്പരനായ സുരേഷ് ഗോപി ഒരു കോടി വാങ്ങിയാലും തെറ്റില്ല എന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ അനുകൂല വാദം. അതെന്തായാലും സ്വന്തം ക്രെഡിറ്റില്‍ ഒരു ചിത്രം കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വിജയിപ്പിക്കാന്‍ സാധിക്കാത്ത ഒരു നടന്‍ ഇത്തരത്തില്‍ പ്രതിഫലം വാങ്ങി അഭിനയിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ നാടോടിക്കാറ്റിലെ ദാസനോട് വിജയന്‍ പറയുന്ന ഡയലോഗാണ് ഓര്‍ക്കേണ്ടത്. ദാസാ…ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ….

Comments

comments