മൗനം ഭേദിച്ച് രഞ്ജന്‍ പ്രമോദ്പെട്ടന്നൊരു പിന്‍വാങ്ങലായിരുന്നു രഞ്ജന്‍ പ്രമോദിന്റേത്. അച്ചുവിന്റെ അമ്മ, നരന്‍ പോലുള്ള ചിത്രങ്ങളുടെ തിരക്കഥ എഴുതുകയും വന്‍വിജയം നേടുകയും ചെയ്ത തിരക്കഥാകൃത്ത്. പ്രഥമ സംവിധാന സംരംഭം തന്നെ മോഹന്‍ലാലിനെ നായകനാക്കിയായപ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ എല്ലാം അപ്രതീക്ഷിതമായിരുന്നു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രം റിലീസ് ചെയ്തതും, തീയേറ്റര്‍ വിട്ടതും ആരും തന്നെയറിഞ്ഞില്ല. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്ന് പലരും ചര്‍ച്ചചെയ്തു. പക്ഷേ ആ ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് രഞ്ജന്‍ പ്രമോദിനെ പിന്നെ സിനിമാ ലോകത്ത് കണ്ടിട്ടേയില്ല. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രം ടെലിവിഷനില്‍ വന്നപ്പോളാണ് പ്രേക്ഷകര്‍ ആ ചിത്രത്തിന്റെ മികവ് മനസിലാക്കിയത്. ആറുവര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷം രഞ്ജന്‍ പ്രമോദ് വീണ്ടും മടങ്ങി വരികയാണ് റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രത്തിലൂടെ. നവാഗതരായ അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രമുഖ വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രം പ്രണയം വിഷയമാക്കുന്നതാണ്. മാര്‍ച്ച് ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മാഹാ സുബൈറാണ്.

Comments

comments