നിവിന്‍ പോളിയ്ക്ക് യൂട്യൂബില്‍ റെക്കോര്‍ഡ്


Nivin Pauly
മലയാള സിനിമയുടെ യൂട്യൂബ് ചരിത്രത്തില്‍ യുവ നടന്‍ നിവിന്‍ പോളിക്ക് റെക്കോര്‍ഡ്. ഒരു വര്‍ഷത്തിനിടെ നിവിന്‍ അഭിനയിച്ച നാലു പാട്ടുകള്‍ മില്യന്‍ ഹിറ്റില്‍. ഒരു പാട്ടു മില്യന്‍ ഹിറ്റിലേക്ക് അടുക്കുന്നു.

നിവിന്‍ പോളിയുടേതായി ഒരു വര്‍ഷത്തിനിടെ റിലീസ് ചെയ്ത രണ്ടു സിനിമകളിലെയും ഒരു ആല്‍ബത്തിലെയും പാട്ടുകളാണ് യൂട്യൂബില്‍ പത്തുലക്ഷത്തിലധികം പേര്‍ കണ്ടത്. 2012 ഏപ്രിലില്‍ പുറത്തിറങ്ങിയ യുവ് എന്ന ആല്‍ബമാണ് നിവിന്‍ പോളിയുടെ യൂട്യൂബ് ജൈത്രയാത്രയുടെ തുടക്കം കുറിച്ചത്. നിവിന്‍ പോളിയും നസ്രിയയും ചേര്‍ന്ന ‘നെഞ്ചോട് ചേര്‍ത്തു പാട്ടൊന്നു പാടാം..എന്ന പാട്ട് നിമിഷനേരം കൊണ്ടാണു ഹിറ്റായത്.

വിനീത് ശ്രീനിവാസന്‍റെ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു…എന്ന പാട്ട് ഒരു വര്‍ഷത്തിനിടെ 23 ലക്ഷത്തിലേറെപ്പേരെയാണ് യൂട്യൂബിലൂടെ കണ്ടത്. ഇതേ ചിത്രത്തിലെ ‘അനുരാഗത്തിന്‍ വേളയില്‍… എന്ന പാട്ടും മില്യന്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു.

നിവിന്‍- നസ്രിയ കൂട്ടുകെട്ടിന്‍റെ ‘നേരം എന്ന സിനിമയിലെ ‘പിസ്ത സുമ കിര സൊമാരി ജമാ കിരായ…ഒരു മാസത്തിനുള്ളില്‍ 16 ലക്ഷത്തിലേറെപ്പേരെയാണ് ആകര്‍ഷിച്ചത്. നേരം സിനിമയിലെ തന്നെ ‘വാതില്‍ മെല്ലെ…എന്ന ഗാനവും മില്യന്‍ ഹിറ്റിലേക്ക് അടുക്കുകയാണ്. ഈ ഗാനം ഒരു മാസത്തിനുള്ളില്‍ യൂ ട്യൂബില്‍ എട്ടു ലക്ഷത്തോളം പേര്‍ കണ്ടു.

എന്നാല്‍, പാട്ടുകള്‍ യൂട്യൂബില്‍ മില്യന്‍ ഹിറ്റിലേക്കെത്തിയതിനു പിന്നില്‍ യുവിന്റെ സംഗീതം നല്‍കിയ സച്ചിന്‍- ശ്രീജിത്, നേരത്തിന്റെ സംഗീതം നല്‍കിയ രാജേഷ് മുരളി, തട്ടത്തിന്‍ മറയത്തിന്റെ സംഗീതസംവിധായകന്‍ ഷാന്‍ എന്നിവരും ഗാനരചയിതാക്കളും സംവിധായകരുമാണെന്നു നിവിന്‍ പോളി പറയുന്നു.

Comments

comments