സ്വന്തം വെബ്സൈറ്റുമായി മഞ്ജുവാര്യര്‍


Manju Warrier
കൊച്ചി: സൈബര്‍ലോകത്തേക്ക് ചുവടുവെയ്‌ക്കാനുള്ള ഒരുക്കത്തിലാണ്‌ മഞ്ജുവാരിയര്‍. സ്വന്തമായി വെബ്സൈറ്റുമായി സൈബര്‍ സ്പേസിലേക്ക് വരുന്ന മഞ്‌ജുവിന്റെ ഒഫീഷ്യല്‍ ഫേസ്‌ബുക്ക്‌ പേജും ഉടന്‍ ലോകത്തിന്‌ മുന്നിലെത്തും. മാറിയ ലോകത്തേക്ക് സാങ്കേതികതയുടെ കൈപിടിച്ചുള്ള കടന്നുവരവിന്റെ മൂന്നാംഘട്ടത്തില്‍ ബ്ലോഗെഴുത്തുകാരിയായും മഞ്ജുവിനെ കാണാം. ഗീതുമോഹന്‍ദാസിന്‍റെ ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിച്ചുകൊണ്ടാണ് മഞ്ജു സൈബര്‍ ലോകത്തേക്ക് കടക്കുന്നത്.

www.manjuwarrier.com എന്നതാണ് മഞ്ജുവിന്റെ വെബ്‌സൈറ്റ് വിലാസം. മഞ്‌ജുവാര്യര്‍ എന്ന ബഹുമുഖ പ്രതിഭയെ അടയാളപ്പെടുത്തുന്നതാകും വെബ്‌സൈറ്റ്‌. അഭിനേത്രിയായി തിളങ്ങിയ കാലത്തിനൊപ്പം നര്‍ത്തകിയായുള്ള രണ്ടാം വരവും ഇതിലുണ്ടാവും. മഞ്ജു അഭിനയിച്ച സിനിമകളുടെയും നൃത്തപരിപാടികളുടെയും വീഡിയോയും കാണാം. ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകര്‍ക്ക് മഞ്ജുവുമായി സംവദിക്കാനുമാകും. പത്തുദിവസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. മഞ്ജുവിന്റെ അനൗദ്യോഗിക ഫേസ്ബുക്ക് പേജിനുപോലും മൂന്നുലക്ഷം ആരാധകരാണുള്ളത്.

സിനിമയില്‍ നിന്നും മാറിനിന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മഞ്ജു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മഞ്ജുവും ഭര്‍ത്താവ് ദിലീപും തമ്മില്‍ തെറ്റിപ്പിരിഞ്ഞുവെന്നായിരുന്നു ഒടുവിലത്തെ വാര്‍ത്ത. ദിലീപുമായി പിരിഞ്ഞ് തൃശൂരിലെ വിട്ടില്‍ അച്ചനുമമ്മയ്ക്കുമൊപ്പമാണ് മഞ്ജു താമസിക്കുന്നത് എന്ന് വരെ വാര്‍ത്തകള്‍ പറന്നു. എന്നാല്‍ ഭര്‍ത്താവ് ദിലീപിനും മകള്‍ മീനാക്ഷിക്കുമൊപ്പം ആലുവ ദേശത്തുള്ള വീട്ടില്‍ താമസിക്കുന്നുവെന്നാണ് വെബ്സൈറ്റില്‍ തന്നെക്കുറിച്ച് മഞ്ജു നല്‍കുന്ന വിവരം.

അമിതാഭ്ബച്ചനെയും സല്‍മാന്‍ഖാനെയുംപോലുള്ള ബോളിവുഡ് പ്രമുഖരുടെയും ലോകോത്തര സ്‌പോര്‍ട്‌സ് താരങ്ങളുടെയും ഡിജിറ്റല്‍ സ്‌പേസ് സ്വന്തമാക്കിയ സി.എ. മീഡിയയെന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മഞ്ജുവിന്റെ ഡിജിറ്റല്‍ സംരംഭങ്ങളുടെയും ചുമതലക്കാര്‍.

Comments

comments