
അച്ഛനും മക്കളും സിനിമയില്‍ അഭിനയിക്കുക പതിവാണെങ്കിലും യഥാര്‍ത്ഥ അച്ഛനും മകനും സിനിമയിലും അച്ഛനും മകനും ആവുന്നത് അപൂര്‍വ്വമാണ്. ഇപ്പോള്‍ ഏറ്റവും പുതിയതായി ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് ഹരിശ്രീ അശോകനും മകന്‍ അര്‍ജുന്‍ അശോകനുമാണ്. നസീര്‍, മമ്മൂട്ടി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ താരങ്ങളെല്ലാം ഇക്കാര്യത്തില്‍ ഭാഗ്യം ചെയ്തവരാണെങ്കിലും ഇതില്‍ ശ്രീനിവാസനും ജയറാമിനുമാണ് സ്വന്തം മക്കളുടെ അച്ഛനായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇവരുടെ കൂട്ടത്തിലേക്ക് ഇപ്പോള്‍ ഹരിശ്രീ അശോകനും. ടു ലെറ്റ് അമ്പാടി ടാക്കീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അര്‍ജുന്‍ അശോകന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. മകന്‍ സിനിമയിലേയ്ക്ക് വരുന്നതിലും അവന്റെ അച്ഛനായിത്തന്നെ അഭിനയിക്കാന്‍ കഴിയുന്നതിലും ഹരിശ്രീ അശോകന്‍ ഏറെ സന്തോഷത്തിലാണ്. അച്ഛനും മകനുമായി ചുരുക്കം ചില കോമ്പിനേഷന്‍ സീനുകള്‍ മാത്രമേ ചിത്രത്തിലുള്ളു. എങ്കിലും തങ്ങള്‍ രണ്ടുപേരും ഇതില്‍ സന്തോഷിയ്ക്കുന്നുവെന്ന് അച്ഛനും മകനും പറയുന്നു. അന്തരിച്ച നടന്‍ സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
English Summary : Harisree Ashokan and his son to Act as Father and Son in Silver Screen