വിശ്വരൂപം ഡി.ടി.എച്ച് റിലീസ് മാറ്റിലോകത്ത് തന്നെ ആദ്യമായി ഡി.ടി.എച്ചില്‍ ഒരു ചിത്രം റിലീസ് ചെയ്യുന്നു എന്ന അവകാശവാദവുമായാണ് കമലഹാസന്‍ തന്‍റെ പുതിയ ചിത്രമായ വിശ്വരൂപത്തെ അവതരിപ്പിച്ചത്. തീയേറ്ററുകളിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ചിത്രം പ്രമുഖ ഡി.ടി.എച്ച് സര്‍വ്വീസുകളില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു പരിപാടി. എന്നാല്‍ ഇതിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രക്ഷോഭമാണ് വിതരണക്കാരും, തീയേറ്റര്‍ ഉടമകളും നടത്തിയത്. കേരളത്തിലും എ ക്ലാസ്സ് തീയേറ്ററുകള്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വ്യാപകമായ പബ്ലിസിറ്റി നടത്തി കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള കമലഹാസന്റെ ശ്രമം പാളിപ്പോയതായാണ് വാര്‍ത്ത. ചിത്രത്തിന്‍റെ റിലീസ് ജനുവരി പത്തില്‍‌ നിന്ന് ഇരുപത്തഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. എയര്‍ടെല്‍, ടാറ്റാസ്കൈ തുടങ്ങിയ ഡി.ടി.എച്ച് സര്‍വ്വീസുകള്‍ ഇത് സ്ഥിരീകരിക്കുകയും ബുക്കിങ്ങ് നിര്‍ത്തുകയും ചെയ്തിരിക്കുന്നു. തീയേറ്ററുകളുടെ നിരോധനം മാത്രമല്ല ഡി.ടി.എച്ച് വരിക്കാരില്‍ നിന്ന് പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാതിരുന്നതാണ് ഈ നീക്കത്തിന് പിന്നിലെന്ന് പറയുന്നു. ഒരു തവണ കാണുന്നതിന് ആയിരം രൂപയായിരുന്നു ഡി.ടി.എച്ച് നിരക്ക്. കമലഹാസന്‍ തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയുമായി ബന്ധപ്പെട്ട് തീയേറ്ററുകളില്‍ മാത്രമായി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. 450 തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോളത്തെ നീക്കം.

Comments

comments