ലഫ്റ്റ് റൈറ്റ് ലഫ്റ്റിന് കേരളത്തില്‍ വിലക്ക് വരുന്നു



കണ്ണൂര്‍ ‍: സി.പി.എം.നേതാക്കളെ പ്രതീകാത്മകമായി വിമര്‍ശിക്കുന്നുവെന്ന ആരോപണത്തിന്‍റെ പേരില്‍ ‘ലഫ്റ്റ് റൈറ്റ് ലഫ്റ്റ്’ എന്ന സിനിമയ്ക്ക് കേരളത്തില്‍ വിലക്ക് വരുന്നു. ചിത്രം പ്രകോപനമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ചിത്രം പ്രദര്‍ശിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് തിയേറ്റര്‍ ഉടമകള്‍ സ്വയം ഏറ്റെടുക്കണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിര്‍ദേശം നല്കി. കൊലപാതക രാഷ്ട്രീയവും സി.പി.എമ്മിലെ വിഭാഗീയതയുമാണ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനംചെയ്ത ‘ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പ്രധാനമായും പറയുന്നത്. പാര്‍ട്ടി സെക്രട്ടറി ഏകാധിപതിയാണെന്നും സെക്രട്ടറിയെ ചോദ്യംചെയ്താല്‍ അവരെ ഉന്മൂലനംചെയ്യുകയാണ് പാര്‍ട്ടി രീതിയെന്നും സിനിമയില്‍ പറയാതെ പറയുന്നുണ്ട്.

അതേസമയം, ലഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. പ്രകോപനമുണ്ടാക്കുന്ന സിനിമയാണിതെന്നും അതുകൊണ്ട് അപകടം ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബഷീര്‍ പറഞ്ഞു.രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി തേജോവധംചെയ്യുന്ന സിനിമകള്‍ ഇനിമുതല്‍ പ്രദര്‍ശിപ്പിക്കണോയെന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇക്കാര്യം ഈമാസം അവസാനം യോഗത്തില്‍ തീരുമാനിക്കും. എന്ത് പ്രശ്‌നമുണ്ടായാലും നഷ്ടം സഹിക്കേണ്ടിവരുന്നത് തിയേറ്ററുടമകളാണ് -ബഷീര്‍ പറഞ്ഞു.

Comments

comments