ഓണ്‍ലൈന്‍ കോപ്പിയടി എങ്ങനെ കണ്ടെത്താം



അടുത്തിടെ ഒരു സെര്‍ച്ചിങ്ങ് നടത്തിയപ്പോള്‍ കൂട്ടിലും, കംപ്യൂഹൗവിലും ഇട്ടിരുന്ന പോസ്റ്റുകള്‍ പലതും മറ്റ് പല സൈറ്റുകളിലും അതേ പടി കാണാനിടയായി. ഈ അനുഭവം പല ബ്ലോഗര്‍മാര്‍ക്കും, സൈറ്റുകള്‍ നടത്തുന്നവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. വളരെ നേരം കുത്തിയിരുന്ന് കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കുന്ന പോസ്റ്റുകള്‍ യാതൊരു മടിയുമില്ലാതെ കോപ്പി ചെയ്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുന്ന പരിപാടി നേരത്തെ തന്നെയുണ്ട്. പല ബ്ലോഗര്‍മാരും ഇതിനെതിരെ പ്രതികരിക്കാറുണ്ടെങ്കിലും വലിയ പ്രയോജനമൊന്നും ഉണ്ടാകാറില്ല. എന്നാല്‍ കണ്ടന്റ് മോഷണം മലയാളത്തിലേക്കാള്‍ കൂടുതല്‍ നടക്കുന്നത് ഇംഗ്ലീഷിലാണ്. കാരണം ഇംഗ്ലീഷ് മാറ്ററുകള്‍ അതേ പടി കോപ്പിചെയ്ത് സൈറ്റിലിട്ടാല്‍ ആഡ്സെന്‍സ് രജിസ്ട്രേഷന്‍ ലഭിച്ചവര്‍ക്ക് ആ വഴിക്ക് വരുമാനമുണ്ടാക്കാം. ഒരേ മാറ്റര്‍ തന്നെ എത്രയോ സൈറ്റുകളില്‍ യാതൊരു വ്യത്യാസവുമില്ലാതെ നിങ്ങള്‍ കാണാറുണ്ടായിരിക്കും. എന്നാല്‍ ഇതിന് പ്രതിവിധികളുണ്ട്. ഓണ്‍ലൈന്‍ കണ്ടന്‍റ് മോഷണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. DMCA ക്ക് കംപ്ലെയിന്റ് നല്കുക വഴി സൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാം. ഗൂഗിള്‍ പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗ്, സൈറ്റ് തുടങ്ങിയവക്കെതിരെ ഗൂഗിളിന് നേരിട്ട് പരാതി നല്കാം. നേരത്തെ സാധാരണ തപാലിലോ, ഫാക്സായോ മാത്രമേ പരാതികള്‍ സ്വീകരിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ഇതിനായി ഒരു ഫോറം പ്രവര്‍ത്തിക്കുന്നുണ്ട്.
മറ്റ് സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാനാവും. ആദ്യം ചെയ്യേണ്ടത് മോഷണം നടത്തിയ സൈറ്റിന് അല്ലെങ്കില്‍ ബ്ലോഗര്‍ക്ക് ഒരു മെയില്‍ അയക്കുക എന്നതാണ്. വിശദമായി കാര്യങ്ങള്‍ ഇതില്‍ സൂചിപ്പിക്കുക. ഫലമുണ്ടായില്ലെങ്കില്‍ DMCA ക്ക് കംപ്ലെയിന്റ് ചെയ്യുക. ഇത് എങ്ങനെയെന്ന് മറ്റൊരു പോസ്റ്റില്‍ പറയാം. നിങ്ങളുടെ പരാതി യഥാര്‍ത്ഥമാണെന്ന് കണ്ടാല്‍ വെബ്സൈറ്റ് തന്നെ തടയാനാവും.
മോഷണം കണ്ടെത്താന്‍ ഏറ്റവും എളുപ്പവഴി എന്നത് നിങ്ങളുടെ കണ്ടന്റിന്‍റെ തലക്കെട്ടോ, മറ്റേതെങ്കിലും ഒരു പ്രധാന ലൈനോ ഗൂഗിള്‍ കോപ്പി പേസ്റ്റ് ചെയ്ത് സെര്‍ച്ച് ചെയ്യുകയാണ്.

മറ്റൊരു മാര്‍ഗ്ഗമാണ് copyscape ഉപയോഗിക്കുക എന്നത്. കോപ്പി സ്കേപ്പ് എന്നത് കണ്ടന്റ് മോഷണം ചെക്ക്ചെയ്യുന്ന ഒരു സര്‍വ്വീസാണ്. Copyscape Premium,Copysentry എന്നീ രണ്ട് സ്കീമുകള്‍ ഇതിനുണ്ട്. ഇതില്‍ അഫിലിയേറ്റ് ചെയ്താല്‍ അവരുടെ കോപ്പി പ്രൊട്ടക്ട് ബാനര്‍ സൈറ്റില്‍ വരും. ഇവക്ക് പണം നല്കേണ്ടതുണ്ട്. രണ്ട് സൈറ്റുകളുടെ ലിങ്കുകള്‍ നല്കി കംപയര്‍ ചെയ്യാവുന്ന സംവിധാനവും ഇതില്‍ ഫ്രീയായി ലഭിക്കും
http://www.copyscape.com/

കോപ്പിയടി കണ്ടെത്താന്‍ മറ്റൊരു മാര്‍ഗ്ഗമാണ് Blekko. ഇതൊരു സെര്‍ച്ച് എഞ്ചിനാണ്. കോപ്പിസ്കേപ്പ് സൈറ്റില്‍ പോയി സൈറ്റ് ലിങ്ക് കൊടുത്താല്‍ സമാനമായ മാറ്ററുകള്‍ കാണിക്കും. ഇതില്‍ ഡൊമെയ്ന്‍ പേര് നല്കി തുടര്‍ന്ന് /domainduptext എന്ന് നല്കി സെര്‍ച്ച് ചെയ്യുക. കണ്ടന്റ് അടിച്ച് മാറ്റുന്ന സൈറ്റുകള്‍ ഇവിടെ ലിസ്റ്റ് ചെയ്യപ്പെടും.
http://blekko.com/

Comments

comments