വരുമാനമുണ്ടാക്കാന്‍ യുട്യൂബ് !


Youtube money - Compuhow.com
ഓണ്‍ലൈനില്‍ കാശുണ്ടാക്കാന്‍ എന്താണ് വഴി എന്ന് ദിവസം പത്തുപ്രാവശ്യമെങ്കിലും സെര്‍ച്ച് ചെയ്ത് നോക്കുന്ന പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ആളുകളുണ്ടാവും. പലരും കരുതുന്നത് ചില വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോയാല്‍ കിട്ടുന്നത് പോലെ പണം നേടാവുന്ന മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ രംഗം എന്നാണ്. എന്നാല്‍ ഫ്രോഡ് പണികളല്ലാതെ നേരായ മാര്‍ഗ്ഗത്തില്‍ ജോലി ചെയ്ത് കാശുണ്ടാക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ കഴിവും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ മറ്റേത് തൊഴിലിലുമെന്നത് പോലെ ഓണ്‍‌ലൈന്‍ ജോലികളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാനാവും.

വെബ്സൈറ്റുകളില്‍ ആഡ്സെന്‍സ് ഉപയോഗിച്ച് കാശുണ്ടാക്കുന്നത് പോലെ മറ്റ് ചില പണികളും ചെയ്യാവുന്നതാണ്. നേരെ ചൊവ്വേ അധ്വാനിച്ചാല്‍ പണമുണ്ടാക്കാന്‍ പറ്റിയ ഒരു വഴിയാണ് യുട്യൂബ്. ഒരു യുട്യൂബ് പാര്‍ട്ണറായി മാറി ആഡ് സെന്‍സ് വഴി വ്യുവിങ്ങിനും, ക്ലിക്കിനും പണം നേടാന്‍ സാധിക്കും. എന്നാല്‍ പഴയ സിനിമയുടെയും വല്ലവരുമുണ്ടാക്കിയ സി.ഡിയുടെയും കഷ്ണം വെട്ടി യുട്യൂബിലിട്ട് കാശുണ്ടാക്കാമെന്ന് മോഹിച്ചാല്‍ അത് അതിമോഹമാണ്. വ്യുവര്‍ഷിപ്പ് ലഭിച്ചാലും ജെനുവിന്‍ കണ്ടന്‍റ് അല്ലാത്തതിനാല്‍ ചിലപ്പോള്‍ ആഡ് സെന്‍സ് ബ്ലോക്ക് ചെയ്യപ്പെടുക വരെ സംഭവിക്കാം.
സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെ പരിചയപ്പെടാം.

1. പ്രൊഫഷണല്‍ സമീപനം – വെറുതെ ക്ലിയറില്ലാത്ത ക്യാമറയില്‍ എടുത്ത വീഡിയോ അപ്ലോഡ് ചെയ്തിട്ട് പ്രത്യേക ഗുണമൊന്നുമില്ല. എച്ച്.ഡി യുഗമാണ് ഇതെന്ന് ഓര്‍മ്മിക്കുക. അഥവാ വീഡിയോയുടെ തീം അല്പം മോശമായാലും ക്ലാരിറ്റി കുറയ്ക്കേണ്ട.

2. അഭിപ്രായങ്ങള്‍ പരിഗണിക്കുക – വിമര്‍ശനങ്ങള്‍ സ്വഭാവികമാണ്. എന്നിരുന്നാലും സ്വഭാവികമായും വീഡിയോ ജനപ്രീതി നേടിയാല്‍ ലഭിക്കുന്ന കമന്‍റുകളില്‍ നിന്ന് കാഴ്ചക്കാരുടെ അഭിപ്രായം അറിയാനാവും. അവ കൂടി പരിഗണിക്കുക.

3. ടാഗുകള്‍ – സെര്‍ച്ചിംഗില്‍ വേഗത്തില്‍ കണ്ടെത്തപ്പെടാന്‍ വീഡിയോകള്‍ക്ക് ശരിയായി ടാഗ് ചെയ്യുക. വീഡിയോയുമായി ബന്ധമില്ലാത്ത പ്രശസ്തമായ പേരുകള്‍ ഉപയോഗിച്ച് ടാഗ് ചെയ്യാതെ വീഡിയോയുമായി ബന്ധമുള്ള വാക്കുകള്‍ ഉപയോഗിക്കുക. കൃത്യമായ വാക്കുകളും നല്കുക.

4. വിശദമായ ഡിസ്ക്രിപ്ഷന്‍ – ഡിസ്ക്രിപ്ഷന്‍ ബോക്സില്‍ വിശദമായി തന്നെ വിവരങ്ങള്‍ നല്കുക. ഇത് വഴി വീഡിയൊയെക്കുറിച്ച് കാഴ്ചക്കാര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ അറിയാനാകും.

5.വീഡിയോ ദൈര്‍ഘ്യം – വീഡിയോകളുടെ ദൈര്‍ഘ്യം ഒരു പ്രധാന ഘടകമാണ്. അധികം നീളമുള്ളതോ, തീരെച്ചെറുതോ ആകരുത് വീഡിയോകള്‍. വീഡിയോകള്‍ സിനിമയൊന്നുമല്ലെങ്കില്‍ ഏറെ സമയം നീളുന്നത് കാഴ്ചക്കാരില്‍ മടുപ്പ് സൃഷ്ടിച്ചേക്കാം.

6. ക്വാളിറ്റി – ക്വാളിറ്റിയുള്ള വീഡിയോകള്‍ നിര്‍മ്മിക്കുക. വീഡിയോക്ക് ആശയപരമായും, സാങ്കേതികമായും നിലവാരം വേണം. അല്ലെങ്കില്‍ കാഴ്ചക്കാര്‍ അല്പനേരം കണ്ടുകഴിയുമ്പോള്‍ വേറെ വീഡിയോ നോക്കി പോകും.

7. സോഷ്യല്‍ നെറ്റ്‍വര്‍ക്ക് – വീഡിയോകള്‍ പ്രൊമോട്ട് ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സോഷ്യല്‍ നെ‍റ്റ് വര്‍ക്കുകളാണ്. അവ നിങ്ങള്‍ക്ക് വേഗത്തില്‍ തന്നെ ഏറെപ്പേരിലേക്കെത്താനുള്ള വഴി തുറക്കും.

Comments

comments